സാക്ഷ


ഒറ്റ നക്ഷത്രവുമില്ലാത്ത രാത്രി പോല്‍ നിന്‍റെ മൂര്‍ദ്ധാവതില്‍,
മിഴിസാക്ഷപൂട്ടി മഴത്തുള്ളിയാലൊരു ചില്ലക്ഷരം നിനക്ക്,
മണ്ണുമൊരു നീണ്ട വേരുമെന്നപോല്‍ പിണഞ്ഞുനിന്‍
ഗുഹാമുഖത്തമ്ല ബാണം വിതച്ച വേടന്‍ ഞാന്‍...

കല്ലുകള്‍ പാകിയ ഗോത്രശാലകള്‍,
കന്നി മണ്ണിന്നടയാള ഗന്ധങ്ങള്‍,
കവണിയിലുന്നം പിടിച്ചു പുരവാസികള്‍,
കോമ്പല്ല് കൊണ്ട് ചിരിക്കുമാചാരങ്ങള്‍,
കടലേറെ യുണ്ട് നീന്തി കയറുവാന്‍
കാമനൌകകള്‍ കടലെടുക്കാതിരിക്കട്ടെ..!

നാഭിയിലോരോ രോമകൂപത്തിലും
മുക്തിക്ക്‌ മുട്ടിവിളിക്കുന്നു പിതൃക്കള്‍,
കറുകയുമെള്ളും തളിച്ച് നാമീ
ഭൂതത്തുടിപ്പുകള്‍ പിടിച്ചുകെട്ടാം...
ജെപ്തി ചെയ്യുവാനാകാതെ ആസക്തികള്‍
അടിയുടുപ്പില്‍ക്കുടുങ്ങുന്ന രാത്രികള്‍,
പരസ്പ്പരമഴിച്ചെടുക്കുക ശരീരത്താല്‍
അവസ്സാനമെരിയാന്‍ കൊതിക്കന്ന അസ്ഥികള്‍.
സാക്ഷ


ഇടക്ക് കാറ്റ്‌ ഇങ്ങനെയാണ്,
ഝടുതിയിലതിന്‍ രാഗവിസ്താരം
ഹാര്‍മോണിയത്തില്‍ നിന്നും
ഹൃദയത്തിന്‍റെ കട്ടകളെ വ്യാമോഹിപ്പിച്ചു
പാഞ്ഞു പോകും....
യുദ്ധം കാത്തിരുന്ന കുതിരകളില്‍
മഴ നിറച്ച് ധ്യാനിക്കാന്‍ പരിശീലിപ്പിക്കും...
"വരിന്നില്ലേ" എന്ന് വിളിച്ചു ചോദിക്കുന്ന
ഓരോണത്തിന്
പനിക്കിടക്ക കൊണ്ട്‌ മറുപടി എഴുതും....
കുളിമുറിയില്‍ മാത്രം കരയാന്‍ മെനക്കെടുന്ന
കണ്ണുകളെ, കണ്ണാടിയില്‍ നിന്നൊരാള്‍
ചേര്‍ത്ത് പിടിക്കും.....

ഇടക്ക് കാറ്റ്‌ ഇങ്ങനെയാണ്,
മണ്ണ് വാരിക്കളിച്ച്,
വിരലുകളാകെ ചൊറി പുരട്ടും...
തണുപ്പിന്‍റെ കമ്പളം പുതച്ചിരുന്നൊരു
നാടകം നോക്കി നില്‍ക്കും...
നമ്മള്‍ വെറും കാണികള്‍ ,
ചുമച്ചും, വിറച്ചും,പന്‍ചദ്വാരങ്ങള്‍
പൂട്ടിവെച്ചും
വിചാരങ്ങളുടെ മറുകര ചാടും...
അവിടെയപ്പോള്‍,
വള്ളിനിക്കറിന്‍റെ ഈര്‍പ്പത്തില്‍ നിന്നും
വെള്ളത്തണ്ടുകളും, വാണ്ണാത്തികിളികളും,
തീപ്പെട്ടിച്ചിത്രങ്ങളും,അവനെ
ആത്മകഥഎഴുതിപ്പിക്കാന്‍ മടിയിലിരുത്തും...
സുഹൃത്തെ,
അല്ലെങ്കില്‍ നാമൊക്കെ എന്നേ ആത്മഹത്യ ചെയ്തേനെ...!
സാക്ഷ

മരണമിങ്ങനേയുമാവാം ....
മദിക്കാന്‍വിടാതെ, ഉറക്കില്‍, രമിക്കാന്‍ വിടാതെ,
ഒരു കവിള്‍വെള്ളം വിളിച്ചുചോദിക്കാതെ,
മരിച്ചവന് പോലും മരിച്ചെന്നു
ബോധ്യമാവാതെ....!

വലിയ വായിലെ നിലവിളികള്‍,
മുലകുടിമാറാത്ത കുഞ്ഞുങ്ങള്‍,
പണിതീരാത്ത ഒരു വീട്,
മരണവീട്ടിലിങ്ങനെ എത്ര ചിഹ്നങ്ങള്‍. ..!
ബാക്കിയായിപ്പോകുന്ന ചിലതിനെ ഓര്‍മ്മിപ്പിച്ച്‌...

വീട്ടിലിനി ഒരു പാത്രം കുറച്ചു മതി,
കിടക്കയില്‍ ഒരു തലയിണ മതി,
ഉപയോഗിച്ച കുപ്പായങ്ങള്‍ തീയിട്ട്,
നടന്ന ചെരിപ്പുകളെ തനിയെ മേയാന്‍ വിട്ട്,
ജീവിച്ചിരിക്കുന്നവര്‍ പതിയെ
തിരിച്ചുവന്നേക്കാം....!
മഴ പെയ്യുന്നതും നോക്കി ഒരു കാറ്റ്
മരക്കൊമ്പുകള്‍ക്കപ്പുറം അപ്പോഴുമുണ്ടാവം....

സ്വന്തമൂഴമിങ്ങെത്തിയെന്നറിയാതെ,
ചിരസ്മൃതികളില്‍ ധ്യാനിച്ച്‌,
ഉറങ്ങാന്‍കിടക്കുന്നേരം,വെളിച്ചമണക്കുമ്പോള്‍
ഒന്നുകൂടി വെളിച്ചത്തെ തിരിഞ്ഞുനോക്കുക,
കൂടപ്പിറപ്പിനേയും, കുഞ്ഞുങ്ങളേയും,
ഒരാവത്തികൂടി, പേര്‍ വിളിച്ചുചൊല്ലി വേര്‍പിരിയുക...
ഉറക്കില്‍നിന്നാരും വിളിച്ചുണര്‍ത്താതെ നാം വേര്‍പെട്ടുപോകില്‍
സങ്കടം തോന്നരുതല്ലോ, ഈ ഭൂമിയിലെ
സകല വെളിച്ചങ്ങളെയുമോര്‍ത്ത്.....!