സാക്ഷ

സുഹൃത്തെ ,
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍
ഉണ്ടായ ഒരനുഭവം ഞാന്‍ പങ്കുവയ്ക്കുന്നു
ഒരു തമിഴ്‌ നാടോടി സ്ത്രീ
മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരുകുഞ്ഞിനെ മാറില്‍ ചേര്‍ത്ത്
പിടിച്ച്, മുന്ന് വയസ്സോളം പ്രായമുള്ള മറ്റൊരു പെണ്‍കുഞ്ഞിനെ
വിരലില്‍ തൂക്കി, തീപ്പിടിച്ചത് പോലെ നഗരത്തില്‍ അലയുന്നത് കാണാനിടയായി.
അന്ന് എന്‍റെ മകളുടെ മൂന്നാം പിറന്നാള്‍ കൂടി ആയതിനാല്‍ എന്‍റെ മനസ്സ്
ആ മൂന്നു വയസ്സുകാരിയിലും എന്‍റെ മകളിലും മാറി മാറി ഓടിക്കൊണ്ടിരുന്നു.
'സഹതാപം കൊണ്ടെന്‍റെ വയറുനിറയില്ല സാര്‍' എന്ന് ആ
സ്ത്രീ നോട്ടത്തിലൂടെ സൂചിപ്പിക്കുന്നതായി എനിക്ക് തിരിച്ചറിയാന്‍
കഴിഞ്ഞു. അവരെയും കൊണ്ട് ഒരു ചായക്കടയില്‍ കയറിയ എനിക്ക്
അവിടെയുണ്ടായവരില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായ അനുഭവമാണ് ഉണ്ടായത്‌!
അവള്‍ക്ക്‌ ശാപ്പാട് വാങ്ങിക്കൊടുത്തു അവളെ പ്രാപിക്കാന്‍ കൊണ്ട് പോകന്നതല്ലേ എന്ന
വിധത്തിലുള്ള അശരീരികള്‍, ഇത്തരം വൃത്തിയില്ലാത്തവര്‍ വന്നിരുന്നു ഭക്ഷണം കഴിച്ചാല്‍
മറ്റുള്ളവര്‍ എങ്ങിനെ കയറിവരും എന്ന് ചായക്കടക്കാരന്റെ ഭാഷ്യം!
ഒടുവില്‍ എനിക്ക് കടക്കുപുരത്ത് ഓവുചാലിന്റെ കരയില്‍ അവരെ ഊട്ടേണ്ടി വന്നു.
കാഴ്ചക്കാര്‍ ഒട്ടേറെ പേരുണ്ടായിരുന്നു..! ഞാന്‍ ഒരു തെറ്റ് ചെയ്യുന്നു
എന്ന മട്ടില്‍ . ആയതിനാല്‍ പനിച്ച്ചുടില്‍ അവളുടെ മാറില്‍ ഒട്ടിക്കിടന്നിരുന്ന കുഞ്ഞിനെ
ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. എല്ലാവരും
കണ്ടത്‌ അവളുടെ മാറുമാത്രമായിരുന്നു ..! അതിന്നുമേല്‍ പറ്റിക്കിടന്ന കുഞ്ഞിനെ ആരും കണ്ടില്ല
അതാണ്‌ വിശുദ്ധ മലയാളി...!
പിന്നീടൊരിക്കല്‍ മകള്‍ക്കും, ഭാര്യക്കുമോപ്പം അതെ പട്ടണത്തില്‍ വച്ച് അവളെ കണ്ടപ്പോള്‍
ആ മാറില്‍ കുഞ്ഞുണ്ടായിരുന്നില്ല ..! മലയാളിക്ക് അവളുടെ മാറിനുമേലത്തെ ഒരു
തടസ്സം മാറിക്കിട്ടി..
ചില രാത്രികളില്‍ ഒന്നും ചെയ്യാനില്ലാതെ ആകാശം നോക്കി നടക്കുമ്പോള്‍
ഒരു കുഞ്ഞു നക്ഷത്രത്തിന്റെ ചിരി ഞാന്‍ കാണുന്നു... അത് പതിയെ തമിഴ്‌ പറയാന്‍
തുടങ്ങുമ്പോള്‍ ഞാന്‍ വാതിലടച്ച്‌ മുറിയില്‍ ഒറ്റപ്പെടുന്നു.....