blog counter
സാക്ഷ

(അടക്കിപിടിച്ച കാറ്റിനെ ശ്വാസം എന്ന് തെറ്റി വായിക്കുമ്പോലെ,
കാമാത്തിപുരിയിലെ അടഞ്ഞ വാതിലുകളെ
ചുരം എന്നുപറഞ്ഞുവെക്കുന്നതുപോലെ..
കുതിരച്ചാണകം നിറഞ്ഞ വഴികളില്‍
നഗ്നപാദങ്ങളോടെ നടക്കുന്നതിനെ
ജീവിതം എന്നുവിളിക്കുന്നതുപോലെ...) 

ഇവള്‍ ശയ്യാസുഖി
"ആരോ അറിഞ്ഞിട്ട പേരെന്ന്"
തിരിച്ചുപോരുമ്പോള്‍ കോണിപ്പടവിലെഴുതാന്‍
മറന്നില്ലൊരാള്‍..
കാലൊടിഞ്ഞ മേശമേല്‍
മണ്‍കൂജയില്‍ വീട്ടിലെ കിണര്‍ 
അതില്‍ കളഞ്ഞുപോയ
കളിപ്പന്തുനോക്കി
ഒരു  ദീര്‍ഘനിശ്വാസം....!
വൃക്ഷങ്ങളുണങ്ങും മുമ്പേ
പറന്നുപോയ പക്ഷികള്‍ക്ക്
നിന്‍റെ കണ്ണീരുകൊണ്ട് ഒരമ്പ്..
.
ഇവള്‍ ജ്വാലാമുഖി,
പാതി ഊതിക്കെടുത്തിയ മെഴുകുതിരിച്ചോട്ടില്‍
ഞാനിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് കൈയ്യൊപ്പ്.
പാതികോറിയ കൈഞരമ്പില്‍
പച്ചകുത്തിയ മരണമൊഴി 
.
ഇവള്‍ ദ്രൗപതി,
ചേലമാറ്റി ആഴങ്ങളിലേക്കൂളിയിടുമ്പോള്‍
"കൃഷ്ണാ" എന്നൊരു നിലവിളി ഹൃദയത്തില്‍ !
" ജല്‍ദി കരോ ഭായ് സാബ്"
എന്നൊരു മുട്ട് വാതിലില്‍
ഓടാമ്പല്‍ നീക്കുമെന്ന ഭീതി.

ഇവള്‍ ചാരുലത
നാഭിയില്‍, പ്രസവമുറിവുകളില്‍നിന്നും
നിലവിളിക്കുന്ന കുഞ്ഞുങ്ങള്‍...
ചുരക്കുന്ന മുലകളില്‍ തലോടി
കാതില്‍ ചോദിച്ചു
"നിനക്കെത്ര മക്കളുണ്ട്"!
"പ്ഫ" മുഖമടച്ചോരാട്ടില്‍
കഥയിതുകമനീയം!
  
ഇവള്‍ ഇന്ദ്രനീല
വക്രിച്ചചുണ്ടില്‍ ഉമ്മവെക്കുമ്പോള്‍
ഉടഞ്ഞ ജനലിലൂടെ ഒരൊറ്റുകണ്ണ്
അമാവാസി  വെച്ചുവിളമ്പുന്നു!

മുറിയലാകെയും, മൂര്‍ത്തമൌനത്തിനാല്‍
മൂളിമൂളിക്കരയുന്നനാഥം ശിശുക്കള്‍
രേതസ്സില്‍ നിന്നുമാദ്യ ചുംബനം കിട്ടാതെ
സൂഷ്മരേണൂക്കള്‍ ശ്വേതാംബരര്‍.
Labels: | edit post
4 Responses
  1. കവിത നന്നായി ധർമ്മരാജ്.

    മാന്ത്രികന്റെ വിരൽത്തുമ്പിൽ നിന്നും ഉതിരുന്ന പൂവുകൾ ശലഭങ്ങളായി പറന്നുയരുന്നതു കാണാൻ വളരെ സന്തോഷം. പക്ഷേ ശലഭങ്ങൾക്കെല്ലാം നരച്ച, കാലപ്പഴക്കം ചെന്ന ജനലഴികളുടെ നിറം.
    :)


  2. 'കാമാർത്തി'പുരകളാകുന്നല്ലോ ചുവരുകൾക്കപ്പുറമെങ്ങും-നിരർത്ഥകമല്ലോ പെരുകൾ,നിലവിളിക്കുമാത്രമാണു സാമ്യതയുടെ ഉണങ്ങാത്ത മുറിപ്പാട്‌


  3. വളരെ നന്നായിരിക്കുന്നു.
    അവരുടെ വേദനയാണോ അതോ ദാഹമാണോ? എന്നായിരുന്നു സംശയം


  4. Padmadevi Says:

    നോവിന്റെയും , ചങ്കിലെ വേവിന്റെയും ഋതുഭേദങ്ങള്‍ നന്നായി വരഞ്ഞിരിക്കുന്നു.
    പദ്മ ദേവി