blog counter
undefined
undefined
സാക്ഷ
കാറ്റ് അത്രയും കനത്തില്‍
മൂളിക്കൊണ്ടിരിക്കുന്ന ഒരു നട്ടുച്ചയില്‍
നിറയെ സാധ്യതകളുള്ള
ചില രൂപകങ്ങളെ ധ്യാനിച്ച്‌
അയാള്‍ ചില മൃഗങ്ങളാക്കി!
ഒട്ടകങ്ങള്‍,
ആടുകള്‍,
കഴുതകള്‍,
നായകള്‍....
ഇത്രയും മതി ഒരു ചതുരങ്കത്തിന്റെ
ഇരുകരകളില്‍ തലപുകഞ്ഞിരുന്ന്‍
ഒരു ജീവിതം കളിക്കാന്‍..

രാജാവോ, കാലാളോ, എന്ന് തിരിച്ചറിയാതെ
പരസ്പ്പരം വെട്ടിവീണ കള്ളികള്‍
കറുപ്പായാലും, വെളുപ്പായാലും,
അടയാത്ത കണ്ണുകളാല്‍
ഉറ്റവരെ തിരഞ്ഞു നാമിങ്ങനെ
മരണമഭിനയിച്ചു കിടക്കും!

അപ്പോള്‍ ഉള്ളില്‍ മുളപൊട്ടിയ
പച്ചപ്പുതൊട്ട് ഒട്ടകം ആണയിടും
രൂപകങ്ങളെ ധ്യാനിച്ച്‌ ഒട്ടകമാക്കിയവനെ,
നീ സ്വയം രൂപഭേതം കൊതിക്കാഞ്ഞതെന്ത്?
ജീവിതം കൊണ്ട് എന്നെക്കാള്‍ എന്‍റെ രൂപത്തിന്
ഇണങ്ങുന്നത്  നീയായിരുന്നില്ലേ...
അയവിറക്കലുകള്‍  നിര്‍ത്തിവെച്ച്
ആട്ടിന്‍ പറ്റങ്ങള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കും
പ്രിയപ്പെട്ടവനെ,
ഒരാട്ടിന്‍ തോല് പുതച്ചു നിനക്ക് ഞങ്ങളുടെ
കൂടെ കഴിയാമായിരുന്നില്ലേ...
അനങ്ങാതെ നിന്നു തുരുമ്പുപിടിച്ച
കഴുതകള്‍ മൌനമുടച്ചിടും,
നിന്റെയത്രയും പ്രതീക്ഷകള്‍
ദൈവം എന്നില്‍ നിറച്ചിരുന്നെങ്കില്‍
ഞാനൊരു രാജ്യം തന്നെ വെട്ടിപ്പിടിച്ചേനെ...
ആകാശം നോക്കി കുരക്കുന്ന നായ പറയും
നിന്നെ യജമാനനെന്ന് തെറ്റിവായിച്ചതില്‍
ലജ്ജ തോന്നുന്നു എനിക്ക്...
പിന്നെ അവ ഒന്നൊന്നായി കൂട്ടം തെറ്റിപ്പിരിയുമ്പോള്‍
കാറ്റ് അത്രയും കനത്തില്‍
മൂളിക്കൊണ്ടിരിക്കുന്ന ആ നട്ടുച്ചയില്‍
മരുഭൂമിയില്‍ വീണു മുളക്കാന്‍ കാത്തിരുന്ന
ഒരു വിത്തായി മാറി,തന്നെ തിന്നു തീര്‍ക്കാന്‍
.ഇഴഞ്ഞെത്തുന്ന ഉരഗങ്ങളെ നോക്കി
കണ്ണുപൂട്ടാതെ അയാള്‍ കിടക്കും....