സാക്ഷ
മാറ്റിപ്പാര്‍പ്പിച്ച വാക്കുകളുടെ വീട്ടില്‍
കുത്തും,കോമയുമായി ഞാനും നീയും
അടുത്ത ഖണ്ടികയില്‍ തുടങ്ങുന്ന
കുഞ്ഞുങ്ങളുടെ വ്യാമോഹം,
ഓര്‍ത്തു വെച്ചിട്ടും ഓര്‍ത്തെടുക്കാന്‍ മറന്ന കുഴമ്പിന്റെ
ശീര്‍ഷകത്തില്‍ മരിച്ചു കിടന്ന മുത്തശ്ശി.
പൂര്‍ണ്ണ വിരാമത്തിന്റെ ഉപ്പുകല്ലില്‍
അച്ഛന് തര്‍പ്പണം ജാരമാര്‍ഗം.
അസ്ത്രം തിന്ന പക്ഷിക്ക്
അര്‍ജുനന്റെ പെരുവിരല്‍.
ആഴത്തിലൂളിയിട്ട പെങ്ങള്‍ക്ക്
ആഴിയില്‍ ആഴ്ന്നിറങ്ങിയവന്റെ നിശബ്ദത.

മഴപെയ്യുമെന്നു തോന്നുന്നു,
അമ്മേ, നമുക്കീ വിറകുകള്‍ പെറുക്കിവെക്കാം
നാളെ പനിച്ചിരിക്കുമ്പോള്‍ നിന്റെ മരുന്നിനു
സ്നേഹമെന്ന് പേര്‍...
ഹതാശം എന്റെ ആകാശം
പട്ടവും,പക്ഷിയുമില്ലാതെ നഗ്നം!
നഗ്നതയ്ക്ക് ഇല്ലായ്മ എന്നും പേര്‍...


കുട്ടികള്‍ കളിച്ചിറങ്ങട്ടെ
ഞാനതിലൊരു കടലാസ് തോണി കാണുന്നു!
പരീക്ഷ തോറ്റ കുട്ടിക്ക്
പാപനാശിനിയില്‍ പുണ്യാഹം...
നീ എന്റെ അമ്മ എന്ന്
വീടിനോടു ഞാന്‍.
ഹരിത സംജ്ഞകളുടെ
പൂന്തോട്ടത്തില്‍ ചാവേറിന്റെ വെട്ടുകിളി.


സ്വന്തമായൊരു വീടുണ്ടായിട്ടും,
സുന്ദരിയാമൊരു ഭാര്യയുണ്ടായിട്ടും,
ഉറങ്ങാന്‍ ഗുളിക വേണമെനിക്കിന്നും!
നിന്നെ മറക്കാന്‍ കഴിയായ്കയാല്‍
എനിക്ക് ജീവിതത്തിനുമേല്‍
ഒരു ആശ്ചര്യചിഹ്നമിടാന്‍ കൊതിതോന്നുന്നു....

വാക്ക് മറന്ന വരിയുടെ ഗുഹ്യഭാഗത്തിന്
വരിയുടക്കാത്ത പുല്ലിംഗം .
ഉത്തരായനം കാത്ത് എന്റെ ഗൗളികള്‍
വേട്ടക്കാരന് മുമ്പില്‍ മുറിച്ചിട്ട വാലുകള്‍
നിന്റെ ചില്ലക്ഷരങ്ങള്‍.
കൈയൊപ്പ്‌ മറന്നുപോകുന്നവന്റെ
പെരുവിരലിലെ നീലചിത്രം!