blog counter
സാക്ഷ





അമ്പത്തി ഒന്ന് മഴവില്ലുകള്‍ക്കുമപ്പുറം
ഒരു സ്വരമുണ്ടായിരുന്നു അവന്
എന്നേക്കോ വേണ്ടി കരുതി വെച്ച
ഒരു കന്യാസ്വരം !
കാടിന്റെ ഏകാന്തതയില്‍,
പാറകള്‍ വീണു ചതഞ്ഞ  
പുഴക്കരികെ അതുണ്ടാവാം
എന്നാല്‍ അമ്പത്തൊന്നായിരം
വെട്ടുകളേറ്റ് കാടും പുഴകളും
എന്നതില്‍ പിന്നെ.....

അവനും !
 

വരാന്തയിലെ ആ ഒറ്റ കസേരയില്‍ നിന്നും
ആശുപത്രി വാതിലിന്റെ
ചില്ല് കണ്ണിലൂടെ നോക്കുമ്പോള്‍
സത്രങ്ങളോരോന്നും...
പണ്ട് കൊടിയായും കോണകമായും
നഗ്നത മാറ്റിയവ,
കുടയായും ചെരുപ്പായും
കൂടെ പോന്നവ,
മഞ്ഞു പുതച്ച്...
ശവമുറിയുടെ പരിസ്തിതി പഠിക്കുന്നു..

ജഡവിശകലനങ്ങള്‍ക്ക് ശേഷം
ശിഷ്ടസ്വരൂപങ്ങളും പേറി
നമുക്കൊരു യാത്രയുണ്ട്
നാട്ടിലൂടെ,
നഗരത്തിലൂടെ,
ഗ്രാമപ്രാന്തങ്ങളിലൂടെ,
ചാഞ്ഞ ചില്ലകള്‍ക്ക് കീഴെ
അതിലുമേറെ ചാഞ്ഞ്,
മുള്ള്വേലികളിലൂടെ നൂഴ്ന്നിറങ്ങി,
ഇടത് മാറി,
വലത് തെന്നി,
വരിവരിയായി നില്‍ക്കുന്ന വീടുകളിലൂടെ
മുത്തുകള്‍ കോര്‍ത്തെടുക്കുന്നത് പോലെ
ഉമ്മറത്ത് കൂടി കയറി
പിന്നാമ്പുറത്ത്
കൂടി ഇറങ്ങി, 
ഒടുവില്‍ കടല്‍ മുനമ്പിലെത്തുമ്പോള്‍
കൊഴിഞ്ഞു പോയ ആള്‍ക്കൂട്ടത്തിന്റെ
ഓര്‍മ്മത്തുള്ളിയായി
ഞാന്‍ മാത്രം !
തോളില്‍ വേതാളം പോലെ
അമ്പത്തൊന്നു മഴവില്ലുകളുമായി
തല കീഴായി അവനും...

കാലുകളുടെ ഉന്മാദത്തിന് മരുന്നായി 

ഭൂയിലെ വഴികള്‍ മതിയാവില്ല ചിലര്‍ക്ക്
ആകാശമാണ്‌ വിശക്കുന്നവന്റെ പാത്രം.
അത്  കൊണ്ടാവാം മനുഷ്യന്‍
ആകാശത്തിലേക്ക് കൊടി കയറ്റുന്നത്   

മുഷ്ടിചുരുട്ടി ഒരാശയം ആകാശത്തിലേക്ക് എറിയുന്നത്
ഇടിമിന്നലുകള്‍ കൊണ്ടും വിശപ്പ്‌ മാറാത്ത
ചിലരുണ്ട് ഭൂമിയില്‍
നിന്നെപ്പോലെ...  
 

ഈ മുനമ്പില്‍  നീയെന്നെ എഴുത്തിനിരുത്തുക
ആ കന്യാസ്വരം എന്നിലേക്ക്‌ എറ്റിത്തെറിപ്പിക്കുക 
പുഴകളെ ഏച്ചുകെട്ടി എനിക്കീ ഉപ്പ് കടലിന്
കുറുകെ ഒരു പാലം കെട്ടേണ്ടതുണ്ട്  
അമ്പത്തൊന്ന്  മഴവില്ലുകള്‍ക്ക് ശേഷവും
അവശേഷിച്ച നിന്റെ തൊണ്ടയിലെ
ആ സ്വരസ്ഥാനമാണ് ഭൂയിയിലെ
എല്ലാ പാലങ്ങളുടെയും ശിലാഫലകം !
12 Responses
  1. തോളില്‍ വേതാളം പോലെ
    അമ്പത്തൊന്നു മഴവില്ലുകളുമായി
    തല കീഴായി അവനും..


  2. മികച്ച വരികള്‍ .. ലക്ഷണമൊത്ത ഒരു കവിത.. വാക്കുകളില്‍ അഗ്നിയുണ്ട്..


  3. അക്ഷരങ്ങള്‍ തീയമ്പുകളാകുന്ന കവിത .മികച്ച ആശയവും വരികളും .



  4. ഉഗ്രന്‍ കവിത ..

    വരികളുടെ വിന്യാസവും അര്‍ത്ഥതലങ്ങളും ഏറെ ശ്രദ്ധേയം ...

    ആശംസകള്‍



  5. >>പണ്ട് കൊടിയായും കോണകമായും
    നഗ്നത മാറ്റിയവ,
    കുടയായും ചെരുപ്പായും
    കൂടെ പോന്നവ,
    മഞ്ഞു പുതച്ച്...
    ശവമുറിയുടെ പരിസ്തിതി പഠിക്കുന്നു.. <<

    വ്യതിചലിച്ചാൽ പിന്നെ
    51 കീറു കീറി,
    എല്ലാം ദൂരെയെറിയുകല്ലാതെ
    മറ്റെന്തു വഴി?


  6. കാലുകളുടെ ഉന്മാദത്തിന് മരുന്നായി
    ഭൂയിലെ വഴികള്‍ മതിയാവില്ല ചിലര്‍ക്ക്
    ആകാശമാണ്‌ വിശക്കുന്നവന്റെ പാത്രം.
    അത് കൊണ്ടാവാം മനുഷ്യന്‍
    ആകാശത്തിലേക്ക് കൊടി കയറ്റുന്നത്
    മുഷ്ടിചുരുട്ടി ഒരാശയം ആകാശത്തിലേക്ക് എറിയുന്നത്


  7. Arif Zain Says:

    ഒന്നാന്തരം വരികള്‍


  8. This comment has been removed by the author.

  9. എനിക്ക് കുടയും,ചെരുപ്പും,ചുവന്ന പട്ടു കോണകവും നഷ്ടമായി.ഞാന്‍ നഗ്നനും,നഗ്ന പാദനും .പദങ്ങളില്‍ മുള്ള് കൊള്ളുന്ന വേദനയുടെ ലഹരിയിലാനുഞ്ഞാന്‍ .....
    ആശംസകള്‍


  10. കാലുകളുടെ ഉന്മാദത്തിന് മരുന്നായി
    ഭൂയിലെ വഴികള്‍ മതിയാവില്ല ചിലര്‍ക്ക്
    ആകാശമാണ്‌ വിശക്കുന്നവന്റെ പാത്രം.
    അത് കൊണ്ടാവാം മനുഷ്യന്‍
    ആകാശത്തിലേക്ക് കൊടി കയറ്റുന്നത്
    മുഷ്ടിചുരുട്ടി ഒരാശയം ആകാശത്തിലേക്ക് എറിയുന്നത്

    ധര്‍മരാജ്‌, നല്ല ശക്തിയുള്ള വരികള്‍.