blog counter
സാക്ഷ

മരണമിങ്ങനേയുമാവാം ....
മദിക്കാന്‍വിടാതെ, ഉറക്കില്‍, രമിക്കാന്‍ വിടാതെ,
ഒരു കവിള്‍വെള്ളം വിളിച്ചുചോദിക്കാതെ,
മരിച്ചവന് പോലും മരിച്ചെന്നു
ബോധ്യമാവാതെ....!

വലിയ വായിലെ നിലവിളികള്‍,
മുലകുടിമാറാത്ത കുഞ്ഞുങ്ങള്‍,
പണിതീരാത്ത ഒരു വീട്,
മരണവീട്ടിലിങ്ങനെ എത്ര ചിഹ്നങ്ങള്‍. ..!
ബാക്കിയായിപ്പോകുന്ന ചിലതിനെ ഓര്‍മ്മിപ്പിച്ച്‌...

വീട്ടിലിനി ഒരു പാത്രം കുറച്ചു മതി,
കിടക്കയില്‍ ഒരു തലയിണ മതി,
ഉപയോഗിച്ച കുപ്പായങ്ങള്‍ തീയിട്ട്,
നടന്ന ചെരിപ്പുകളെ തനിയെ മേയാന്‍ വിട്ട്,
ജീവിച്ചിരിക്കുന്നവര്‍ പതിയെ
തിരിച്ചുവന്നേക്കാം....!
മഴ പെയ്യുന്നതും നോക്കി ഒരു കാറ്റ്
മരക്കൊമ്പുകള്‍ക്കപ്പുറം അപ്പോഴുമുണ്ടാവം....

സ്വന്തമൂഴമിങ്ങെത്തിയെന്നറിയാതെ,
ചിരസ്മൃതികളില്‍ ധ്യാനിച്ച്‌,
ഉറങ്ങാന്‍കിടക്കുന്നേരം,വെളിച്ചമണക്കുമ്പോള്‍
ഒന്നുകൂടി വെളിച്ചത്തെ തിരിഞ്ഞുനോക്കുക,
കൂടപ്പിറപ്പിനേയും, കുഞ്ഞുങ്ങളേയും,
ഒരാവത്തികൂടി, പേര്‍ വിളിച്ചുചൊല്ലി വേര്‍പിരിയുക...
ഉറക്കില്‍നിന്നാരും വിളിച്ചുണര്‍ത്താതെ നാം വേര്‍പെട്ടുപോകില്‍
സങ്കടം തോന്നരുതല്ലോ, ഈ ഭൂമിയിലെ
സകല വെളിച്ചങ്ങളെയുമോര്‍ത്ത്.....!
Labels: | edit post
0 Responses